പ്രഭാത നടത്തത്തിനിടെ അധ്യാപകന്‍ വീടിന് മുന്നില്‍ വെച്ച് വാനിടിച്ചു മരിച്ചു



കാസർകോട്   കാഞ്ഞങ്ങാട്: പ്രഭാത നടത്തത്തിനിടെ അധ്യാപകന്‍ വീടിന് മുന്നില്‍ വെച്ച് വാനിടിച്ചു മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയും ദേളി സഅദിയ സ്‌കൂളിലെ ചിത്രകലാ അധ്യാപകനുമായ ശ്യാം സുധീര്‍ (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.15നാണ് അപകടം. കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനില്‍ വച്ച് തെറ്റായ ദിശയില്‍ വന്ന വാനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ശ്യാം സുധീറിനെ ഉടന്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഗോവയില്‍ നിന്നും വിനോദയാത്ര കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് ഇടിച്ചിട്ടത്. കെ.എസ്.ടി.പി റോഡിന്റെ തുടക്കത്തില്‍ വെച്ചാണ് അപകടം. ശ്യാം സുധീര്‍ റോഡിന്റെ പടിഞ്ഞാറുവശത്ത് കൂടി കാഞ്ഞങ്ങാട് ഭാഗത്തേക്ക് നടക്കുകയായിരുന്നു. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന വാന്‍ റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് കൂടി പോയാണ് ഇടിച്ചത്. ശ്യാം സുധീര്‍ ജില്ലയിലെ അറിയപ്പെടുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ താരമാണ്. കാഞ്ഞങ്ങാട് ഷട്ടില്‍ ക്ലബ്ബ് അംഗമാണ്. മാതോത്ത് പുതിയ ഭഗവതി ക്ഷേത്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. പരേതരായ കല്ലുവളപ്പില്‍ കരുണാകരന്റെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ: രജനി (അധ്യാപിക, കരിന്തളം കീഴ്മാല എ എല്‍.പി സ്‌കൂള്‍). മക്കള്‍: സൂരജ്, ധീരജ്(വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ശ്യാം പ്രകാശ്, ശ്യാം സദന്‍, ശ്യാം സുനില്‍, ശ്യാം നിശ്ചല്‍.

Post a Comment

Previous Post Next Post