ആലപ്പുഴ അരൂർ: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ ലജനത്ത് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ സനിൽകുമാർ (37) ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബൈക്ക് റോഡരികിലെ കുഴിയിൽ വീണു. ശേഷം ബൈക്ക് ഫുട്ട് പാത്തിലേക്കും സനിൽകുമാർ റോഡിലേക്കുമാണ് വീണത്. ഈ സമയത്ത് തെക്കുനിന്ന് വന്ന വലിയ കണ്ടെയ്നർ ട്രെയിലർ ഇടിച്ചാണ് അപകടം ഉണ്ടായത്. ചന്തിരൂർ പുതിയ പാലത്തിന് തെക്കുഭാഗത്ത് അൽ അമീൻ പബ്ലിക്ക് സ്ക്കൂൾ സ്റ്റോപ്പിൽ ഇന്ന് പകൽ മൂന്ന് മണിക്ക് ആയിരുന്നു അപകടം. പ്രദേശത്ത് ആകാശപാത നിർമ്മിക്കുന്നതിനാൽ റോഡിന്റെ പകുതി ഭാഗം ബാരിക്കോഡ് വച്ച് മറച്ചിരിക്കു കായാണ്. അതിനാൽ റോഡിന് വീതി കുറവാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന സ്ഥലത്ത് മറ്റെന്തോ ആവശ്യത്തിനായി കുഴിച്ച കുഴി മൂടാതെ കിടന്നിരുന്നു. ആ കുഴിയിലാണ് ബൈക്ക് വീണത്. ഇവിടെ അടുത്ത് സ്ക്കൂൾ ഉള്ളതിനാൽ ട്രാഫിക്ക് വാർഡനെ നിയോഗിച്ചിരുന്നു. എന്നാൽ അപകട സമയത്ത് ഇവിടെ അവർ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പരേതനായ കൈലാസ് ബാബു – പത്മാക്ഷി ദമ്പതികളുടെ മകനാണ് സനിൽ. മൃതദേഹം അരുക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.