തൃശൂരിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു



 കൊടുങ്ങല്ലൂർ : തൃശൂർ കൊടുങ്ങല്ലൂരിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ നേടിയ 55 കാരിക്കാണ് വെസ്റ്റ് നൈൽ രോഗബാധയാണെന്ന് സ്ഥിരീകരിച്ചത്.

ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് പനി ബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പക്ഷികളിൽ കാണപ്പെടുന്ന വൈറസ് കൊതുകുകൾ മൂലമാണ് മനുഷ്യരിലേക്ക് പകരുന്നത്.

വെസ്റ്റ് നൈൽ രോഗബാധ

ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന വെസ്റ്റ് നൈൽ വൈറസ് ഒരു വൈറൽ അണുബാധയാണ്, ഇത് സാധാരണയായി കൊതുകുകളാണ് പരത്തുന്നത്. വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ നാഡീസംബന്ധമായ രോഗത്തിനും മരണത്തിനും കാരണമാകും.


1937 ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 1953 ൽ നൈൽ ഡെൽറ്റ മേഖലയിലെ പക്ഷികളിലും രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞു. ഗ്രീസ്, ഇസ്രായേൽ, റൊമാനിയ, റഷ്യ, യുഎസ്എ എന്നിവിടങ്ങളിലാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

കൊതുകുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. രോഗബാധിതരായ പക്ഷികളില്‍ നിന്നാണ് കൊതുകിലേക്ക് പകരുന്നത്. കുറച്ച് ദിവസത്തേക്ക് അവയുടെ രക്തത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടാകും. പിന്നീട് കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികളിലേക്ക് വൈറസ് വ്യാപിക്കുന്നു. പിന്നീടാണ് കൊതുകു കടിയിലൂടെ മനുഷ്യനിലേക്കും മറ്റ് മൃഗങ്ങളിലേക്ക് വൈറസ് എത്തുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് രോഗം മനുഷരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. അവയവദാന ശസ്ത്രിക്രിയ, രക്തദാനം, മുലപ്പാല്‍ എന്നിങ്ങനെയുള്ളവയാണ് മനുഷ്യ ശരീരത്തിലേക്ക് വൈറസ് എത്താനുള്ള സാധ്യതകള്‍.


വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചാല്‍ രണ്ട് അവസ്ഥയാണ് പൊതുവില്‍ ഉണ്ടാവുക. ഒന്ന് രോഗലക്ഷണങ്ങളില്ലാത്ത സാഹചര്യം. അല്ലെങ്കില്‍ ചെറുതോ കഠിനമായതോ ആയ പനി. വൈറസ് ബാധിച്ചവര്‍ പനി, തലവേദന, ക്ഷീണം, ശരീരവേദന, ഓക്കാനം, ഛർദ്ദി, ഗ്രന്ഥികള്‍ വീര്‍ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.

കഠിനമായ വെസ്റ്റ് നൈൽ വൈറസ് ബാധിച്ചാല്‍ രോഗിക്ക് തലവേദന, കടുത്ത പനി, മയക്കം, കോമ, വിറയൽ, പേശി ബലഹീനത, പക്ഷാഘാതം എന്നിവ അനുഭവപ്പെടും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, വൈറസ് ബാധിച്ച 150 പേരിൽ ഒരാൾക്ക് രോഗത്തിന്റെ ഗുരുതരമായ രൂപമുണ്ടാകും. ഏത് പ്രായത്തിലുള്ളവരിലും ഇത് സംഭവിക്കാമെങ്കിലും, 50 വയസിന് മുകളിലുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

Post a Comment

Previous Post Next Post