കോട്ടക്കല്‍ : കോട്ടക്കലില്‍ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപ്പിടുത്തം. വര്‍ക്ക്‌ഷോപ്പില്‍ അറ്റക്കുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന അഞ്ചിലേറെ കാറുകള്‍ കത്തി നശിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കോട്ടക്കല്‍ സ്വാഗതമാട് പാലത്തറ എച്ച് എം എസ് ഹോസ്പിറ്റലിനു സമീപം സ്ഥിതി ചെയ്യുന്ന ദേവൂസ് ഓട്ടോ ഗ്യാരേജിലാണ് അഗ്‌നിബാധയുണ്ടായത്. അപകട കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വര്‍ക്ഷോപ്പില്‍ നിന്ന് തീയുയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരമറിഞ്ഞത്. തിരൂരില്‍ നിന്ന് എത്തിയ അഗ്‌നി രക്ഷാ സംഘം അവസരോചിത ഇടപെടലിലൂടെ തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കി.
തിരൂര്‍ ഫയര്‍ & റസ്‌ക്യൂ അസ്സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അശോകന്‍.കെ യുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ സി മനോജ്, മദന മോഹനന്‍, ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ വി.സി രഘുരാജ്, കെ നസീര്‍, എന്‍.പി സജിത്ത്, എ കെ അഭിലാഷ്, ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ സുരേഷ് കുമാര്‍ മേലേടത്ത്, കെ.കെ സന്ദീപ്, ഹോം ഗാര്‍ഡുമാരായ സി ദിനേശ്, പി.വി ഗോപി എന്നിവരാണ് തിരൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സംഘത്തിലുണ്ടായിരുന്നത്. മലപ്പുറം ഫയര്‍ഫോഴ്‌സ് സംഘവും അപകട സ്ഥലത്ത് എത്തിയിരുന്നു.