അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരു യുവതി മരിക്കുകയും നാല് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇരുപത്തിമൂന്നുകാരിയായ രൂപശ്രീ എന്ന യുവതിയാണ് മരിച്ചത്.
രണ്ട് സ്ത്രീകളെയും മൂന്ന് പെൺകുട്ടികളെയുമാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്ഷനു സമീപമാണ് സംഭവം. കമലേഷ് ബൽദേവ് എന്നയാൾ ഓടിച്ച ഹ്യുണ്ടായ് ഇയോൺ കാറാണ് അപകടത്തിൽപെട്ടത്. പിന്നിൽ നിന്ന് വന്ന കാർ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്യുകയായിരുന്നു.
ഫുട്പാത്തിലെ ഒരു തൂൺ തകർക്കുകയും ഡിവൈഡറിൽ ഇടിക്കുന്നതിന് മുമ്പ് സ്ത്രീയെ ഏതാനും മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നു. അപകടത്തിൽപ്പെട്ടവരെ പ്രദേശത്തുള്ളവരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തെന്ന് പോലീസ് അറിയിച്ചു.