മഞ്ചേരി കാവനൂര്‍ പുലിയറക്കുന്നിലെ കോഴിഫാമിലെ തീപിടിത്തത്തില്‍ ഏഴ് ദിവസം പ്രായമായ 2,600 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. കാവനൂര്‍ ചത്തുവഴിയില്‍ റഹ്മത്തുള്ളയുടെ ഫാമിലാണ് ഇൻവെര്‍ട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായത്.
ഫാമില്‍ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ ഉടനെ മഞ്ചേരി ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചു. പ്ലാസ്റ്റിക് ടാര്‍പ്പായ കൊണ്ടാണ് ഫാമിന്റെ മേല്‍ക്കൂര മറച്ചിരുന്നത്. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും ടാര്‍പ്പായ മുഴുവൻ കത്തിത്തീര്‍ന്ന് ഉരുകിയൊലിക്കാൻ തുടങ്ങിയിരുന്നു.
3,000 കോഴിക്കുഞ്ഞുങ്ങളാണ് ഫാമിലുണ്ടായിരുന്നത്. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ഫയര്‍ഫോഴ്സ് കണക്കാക്കുന്നത്. എന്നാല്‍, നാല് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമ. അഞ്ച് വര്‍ഷമായി ഫാം പ്രവര്‍ത്തിക്കുന്നുണ്ട്.