ധാക്ക: ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കിഷോര്‍ഗഞ്ചിലെ ഭൈരാബില്‍ പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്കുകള്‍ സാരമുള്ളതായതിനാല്‍ മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തലസ്ഥാനമായ ധാക്കയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഭൈരാബ്.
"ഞങ്ങള്‍ 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു, നിരവധി പേര്‍ക്ക് പരിക്കേറ്റു," ഭൈരബിലെ സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റര്‍ സാദിഖുര്‍ റഹ്മാനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാം. രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്നത് നടുക്കുന്ന വിവരങ്ങളാണ്. ആളുകള്‍ ചതഞ്ഞരഞ്ഞതും മറിഞ്ഞ കോച്ചുകള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതും ഇപ്പോഴും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
100 ലേറെ പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരില്‍ പലരും കേടായ കോച്ചുകള്‍ക്ക് താഴെ കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ സിറാജുല്‍ ഇസ്ലാമിനെ ഉദ്ധരിച്ചും വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തില്‍പ്പെട്ടവരുടെ എണ്ണം വര്‍ധിക്കുമെന്ന് ഭൈരാബ് ഫയര്‍ സ്റ്റേഷൻ ഉദ്യോഗസ്ഥൻ മൊഷറഫ് ഹുസൈനും അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും നിരവധി പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.