പത്തനംതിട്ട: ഓമല്ലൂര്‍ കുരിശടി ജങ്ഷനില്‍ നാലു വാഹനങ്ങളുടെ കൂട്ടയിടി. മാരുതി 800 കാര്‍ പൂര്‍ണമായി തകര്‍ന്നു
അഞ്ചു പേര്‍ക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ലെങ്കിലും ഒരു മണിക്കൂറോളം രണ്ടു റോഡുകളില്‍ ഗതാഗത തടസം നേരിട്ടു.
ഉച്ചയ്ക്ക് 1.15 നാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍ നിന്നും കുളനട മെഡിക്കല്‍ ട്രസ്റ്റിലേക്ക് രോഗിയെ കൊണ്ടുവരാൻ പോയ സേവാഭാരതിയുടെ ആംബുലൻസ്, പത്തനംതിട്ടയില്‍ നിന്ന് ഉളനാട് ഭാഗത്തേക്ക് പോയ മാരുതി 800 കാര്‍, എതിരേ വന്ന ഹ്യൂണ്ടായ് ഐ 10, പത്തനംതിട്ട-അമ്ബലക്കടവ്-കുളനട വഴി പന്തളത്തിന് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് എന്നീ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
പത്തനംതിട്ടയില്‍ നിന്ന് വന്ന ആംബുലൻസും മാരുതി കാറും ഒരേ സമയം കുരിശടി ജങ്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്. കാര്‍ ഒതുക്കി എന്ന് വിചാരിച്ചാണ് അമിത വേഗതയില്‍ ആംബുലൻസ് ഡ്രൈവര്‍ വാഹനം വലത്തേക്ക് തിരിച്ചത്. ഇതേ സമയം തന്നെ മാരുതി കാറും വലത്തേക്ക് തിരിഞ്ഞു. തുടര്‍ന്ന് ആംബുലൻസ് മാരുതി കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിരേ വന്ന ഹ്യൂണ്ടായ് ഐ 10 കാറിലേക്കാണ് മാരുതി കാര്‍ ചെന്നിടിച്ചത്. നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാര്‍ കുരിശടി സ്റ്റോപ്പില്‍ നിര്‍ത്തി ആളു കയറുകയായിരുന്ന നിവേദ് എന്ന സ്വകാര്യ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആംബുലൻസിന്റെ ടാങ്ക് പൊട്ടി ഡീസല്‍ റോഡിലേക്ക് ചീറ്റിയൊഴുകി. മാരുതി കാറിന്റെ മുന്നിലെ രണ്ട് എയര്‍ ബാഗുകളും വിടര്‍ന്നതിനാല്‍ യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. ഈ വാഹനത്തിലുണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. ആംബുലൻസിന്റെ ടാങ്കില്‍ നിന്ന് ചോര്‍ന്ന ഡീസല്‍ ഫയര്‍ ഫോഴ്സ് എത്തി സോപ്പു പൊടി ഉപയോഗിച്ച് കഴുകി. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ഒരു മണിക്കുറോളം എടുത്ത് വാഹനങ്ങള്‍ മാറ്റി.
പത്തനംതിട്ട-പന്തളം-അടൂര്‍, പത്തനംതിട്ട-ഇലവുംതിട്ട റോഡിലും ഒരു മണിക്കുറോളം ഗതാഗതതടസവും േനരിട്ടു.