കോഴിക്കോട് ബേപ്പൂർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പ് " ബൈത്തുൽ റഹ്മ"യിൽ കെ ടി ജാഫറിൻ്റെ മകൻ കെ ടി ജിൻഷാദ് (16) ആണ് മരിച്ചത്. മയ്യത്ത് നമസ്കാരം ചൊവ്വ ഉച്ചയ്ക്ക് മാത്തോട്ടം ഖബറിസ്ഥാൻ മസ്ജിദിൽ.
മീഞ്ചന്ത ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. കഴിഞ്ഞ 22ന് വെള്ളി രാവിലെ ഒമ്പതരയോടെ അരക്കിണർ റെയിൽവെ ലൈൻ റോഡിലായിരുന്നു അപകടം. പിതാവ് ജാഫറിനൊപ്പം യാത്ര ചെയ്യവെ ഇവർ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ജിൻഷാദ് തലയിടിച്ച് വീണു ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം.
ഷെറീജയാണ് മാതാവ്. സഹോദരങ്ങൾ : ജൂറൈദ്, ജസീം, ജാമിസ്.