മഗ്ളുറു: കര്‍ണാടകയില്‍ ബൈകും കാറും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിനിയായ യുവതി മരിച്ചു.
സുഹൃത്തിന് ഗുരുതര പരുക്കേറ്റു. വൊര്‍ക്കാടി പാത്തൂര്‍ കുരുടപ്പദവിലെ ജയരാമ ഷെട്ടി - സുബിത ദമ്ബതികളുടെ മകള്‍ പ്രീതിക ഷെട്ടി (21) യാണ് മരിച്ചത്. ബണ്ട് വാള്‍ ബാലേപുണി സ്വദേശി മൻവിത് രാജ് ഷെട്ടി (21) പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകീട്ട് മുല്‍ക്കിയിലെ വിജയസന്നിധി ജൻക്ഷന് സമീപമാണ് അപകടം നടന്നത്. ഉഡുപ്പി ഭാഗത്തുനിന്ന് മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈകില്‍ കിന്നിഗോളിയില്‍ നിന്ന് മുല്‍ക്കി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ പ്രീതിക ഷെട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സൂറത്കല്‍ ഒടിയൂര്‍ സഹകരണ ബാങ്ക് ജീവനക്കാരിയാണ് പ്രീതിക ഷെട്ടി. പ്രസാദ് സഹോദരനാണ്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം അല്‍പനേരം തടസപ്പെട്ടു. പൊലീസ് ഉടൻ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങള്‍ നീക്കി. മംഗ്ളുറു നോര്‍ത് ട്രാഫിക് പൊലീസ് എസിപി ഗീത കുല്‍ക്കര്‍ണി, ഇൻസ്പെക്ടര്‍ ശരീഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ദേശീയപാത നാലുവരിപ്പാത വീതി കൂട്ടിയ ശേഷം ബാപ്പനാട്, മുല്‍ക്കി ബസ് സ്റ്റാൻഡ്, വിജയ് സന്നിധി ജൻക്ഷൻ എന്നിവിടങ്ങളില്‍ അശാസ്ത്രീയമായ പ്രവൃത്തികള്‍ മൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുകയും ഒട്ടേറെപ്പേരുടെ ജീവൻ പൊലിയുകയും ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.