തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പൂവച്ചൽ സ്വദേശി പ്രിയരഞ്ജനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രിയരഞ്ജനെ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം.
പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതോടെയാണ് നരഹത്യക്ക് പകരം കൊലക്കുറ്റം ചുമത്തി കേസെടുത്തത്. നിസ്സാര വിഷയത്തിന്റെ പേരിൽ കുട്ടിയോട് പ്രിയരഞ്ജന് പക ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ആദിശേഖറിന്റെ കുടുംബം.