കുടുംബ വഴക്ക്; തൃശൂരില്‍ പൊള്ളലേറ്റ അച്ഛനും മകനും മരിച്ചു



 തൃശൂരില്‍ പൊള്ളലേറ്റ അച്ഛനും മകനും മരിച്ചു

തീ കൊളുത്തിയത് ജോജിയുടെ അച്ഛന്‍ ജോണ്‍സന്‍

ആക്രമണം കുടുംബ വഴക്കിനെ തുടര്‍ന്ന്

ജോജിയുടെ ഭാര്യ ലിജി ഗുരുതരാവസ്ഥയില്

കുടുംബ വഴക്കിനെ തുടര്‍ന്ന് ഉറങ്ങിക്കിടക്കവേ അച്ഛന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു. തൃശൂര്‍ ചിറക്കേക്കോട് ജോജി മകന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി ഗുരുതരമായി പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മകനെ കുടുംബത്തോടെ അപായപ്പെടുത്താന്‍ ശ്രമിച്ച ശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ജോണ്‍സന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇന്നലെ അര്‍ധരാത്രിയോടെ ജോജിയും ഭാര്യയും കുഞ്ഞും ഉറങ്ങിക്കിടന്ന മുറിയിലേക്ക് കയറിയ ജോണ്‍സന്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമമെന്നും പൊലീസ് വ്യക്തമാക്കി. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്. തീ ആളിപ്പര്‍ന്നതിനിടയില്‍ ജോണ്‍സന്റെ രണ്ട് കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. വിഷം കഴിച്ച് അവശനിലയിലായ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നാണ് കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനായ ജോണ്‍സന്‍ നാളുകളായി മകനുമായി സഹകരണമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ മണ്ണുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post