തിരുവല്ല∙ കച്ചേരിപ്പടിയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കിഴക്കേപ്പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ഗുരുതര പരുക്കുകളുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം.
പുലർച്ചെ അപകടത്തിൽപ്പെട്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. മൂന്നു പേർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറിയാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതു സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുമെന്നാണ് വിവരം.