റോഡരികില്‍ സംസാരിച്ചു നിന്ന സുഹൃത്തുക്കളെ കാറിടിച്ചു ഏലത്തോട്ടം തൊഴിലാളി മരിച്ചു



 ഉപ്പുതറ: റോഡരികില്‍ സുഹൃത്തുമായി സംസാരിച്ചു നിന്ന ഏലത്തോട്ടം തൊഴിലാളി നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു

അയ്യപ്പൻകോവില്‍ സുല്‍ത്താനിയ എസ്റ്റേറ്റിലെ ആര്‍. സുബ്ബരാജ് (67) ആണ് മരിച്ചത്. തേക്കടി-കൊച്ചി സംസ്ഥാന പാതയില്‍ പുല്ലുമേട്ടില്‍ ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അപകടം. 


പുല്ലുമേട്ടില്‍നിന്നു വന്ന കാര്‍ കന്നിക്കല്ലു ഭാഗത്തേക്ക് തിരിയുന്നതിനിടെ സുബ്ബരാജിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാറിന്‍റെ പിൻചക്രം സുബ്ബരാജിന്‍റെ ദേഹത്തുകൂടി കയറിയിറങ്ങി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


സുബ്ബരാജിനൊപ്പമുണ്ടായിരുന്ന സുല്‍ത്താനിയ എസ്റ്റേറ്റിലെ യേശുദാസിനെയും (58) കാറിടിച്ചു. ഇതിനു ശേഷം കാര്‍ താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ കന്നിക്കല്ല് കാരക്കാട്ടില്‍ സുകുമാരനും (58) പരിക്കേറ്റു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


തേനി തുച്ചന്നൂര്‍ സ്വദേശിയായ സുബ്ബരാജ് വര്‍ഷങ്ങളായി സുല്‍ത്താനിയായിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മുള്ള ശെല്‍വി. മക്കള്‍: ആനന്ദൻ, ജയന്തി. മരുമക്കള്‍: കവിത, ശരവണൻ.

Post a Comment

Previous Post Next Post