കോട്ടയം തലയോലപ്പറമ്ബ്: നിയന്ത്രണംവിട്ട കാര്‍ ഓട്ടോയിലും രണ്ട് കാറുകളിലും ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ഓട്ടോ യാത്രികരായ നാട്ടകം സ്വദേശിനി സുമതി (59), കൊല്ലം സ്വദേശിനി ശ്യാമള (57) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഓട്ടോ ഡ്രൈവര്‍ വടയാര്‍ സ്വദേശി ഷാജി (54) നെ വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുമതിക്കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ വൈകിട്ട് നാലോടെ തലയോലപ്പറമ്ബ് പൊട്ടൻചിറ പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം. വൈക്കത്ത് നിന്നും അമിതവേഗത്തിലെത്തിയ കാറാണ് അപകടത്തിനിടയാക്കിയത്. കല്ലറ മാൻവെട്ടം സ്വദേശിയായ 18കാരൻ ഓടിച്ച മാരുതി സ്വിഫ്റ്റ് കാര്‍ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാര്‍ എതിരെ വന്ന പാസഞ്ചര്‍ ഓട്ടോയിലും തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ പിന്നാലെ വന്ന മറ്റൊരു കാറിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിച്ചശേഷമാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെയും കാറുകളുടെയും മുൻവശം പൂര്‍ണ്ണമായി തകര്‍ന്നു.അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതവും തടസപ്പെട്ടു.