മലപ്പുറം: ആറാം ക്ലാസ് വിദ്യാർത്ഥിയെ ഇതരസംസ്ഥാന തൊഴിലാളി മർദിച്ച സംഭവത്തിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. മലപ്പുറം പള്ളിക്കൽ അമ്പലവളവിൽ മാറ്റത്തിൽ സുനിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനാണ് മർദനമേറ്റത്.
അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ അക്രമാസക്തനായത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്. സംഭവത്തിൽ ഇന്നലെ രാത്രിയാണ് പൊലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.