തൃശ്ശൂർ കുന്നംകുളം: കാന നിര്‍മാണത്തിനിടെ ഇലക്‌ട്രിക് പോസ്റ്റ് ദേഹത്തു വീണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനു ഗുരുതരമായി പരിക്കേറ്റു.
കല്‍ക്കത്ത സ്വദേശി ഹജറത്ത് അലിക്കാണു പരിക്കേറ്റത്. കുന്നംകുളം നഗരസഭയുടെ കാനനിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. കുന്നംകുളം ആനായ്ക്കലില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ കാനയുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനിടെ സമീപത്തുനിന്നിരുന്ന ഇലക്‌ട്രിക് പോസ്റ്റിനു സമീപത്തെ മണ്ണ് നീക്കം ചെയ്തതായി പറയുന്നു. സമീപത്തെ പറമ്ബില്‍ നിന്നും ഈ കാനയിലേക്ക് വെള്ളം കുത്തിയൊലിച്ച് വന്നിരുന്നു. ഈ സമയത്ത് പോസ്റ്റ് നിന്നിരുന്ന ഭാഗത്തുനിന്നും മണ്ണ് ഒലിച്ചു പോയതിനെത്തുടര്‍ന്ന് തൊഴിലാളിയുടെ ദേഹത്തേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നെന്ന് സാക്ഷികള്‍ പറഞ്ഞു.
പോസ്റ്റ് വീണതിനെത്തുടര്‍ന്ന് തലയ്ക്കു പരിക്കേറ്റ തൊഴിലാളി യെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.