കാസർകോട് ∙ ഇന്നലെ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ച ചെർക്കള–കല്ലടുക്ക സംസ്ഥാനാനന്തര പാതയിൽ മറ്റൊരു അപകടത്തിൽ വീണ്ടും മരണം. കേരള– കർണാടക അതിര്‍ത്തിയായ അഡ്ക്കസ്ഥലത്ത് കര്‍ണാടക ആര്‍ടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ് വാന്‍ ഡ്രൈവര്‍ എന്‍മകജെ മണിയംപാറയിലെ മുസ്തഫ (42) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിറകില്‍ ബസിടിച്ച് പിക്കപ്പിനടിയിലായാണ് ഡ്രൈവര്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന ആള്‍ക്കും പരുക്കുണ്ട്. കര്‍ണാടക വിട്ളയിയില്‍ നിന്നും പെര്‍ള ഭാഗത്തേക്ക് വന്ന ബസാണ് ഇടിച്ചത്. മൃതദേഹം വിട്ള ആശുപത്രിയിലാണുള്ളത്.29 കിലോ മീറ്ററാണ് ചെർക്കള–കല്ലടുക്ക റോഡ്. ഇതിൽ 19 കിലോമീറ്റർ കാസർകോട് നിയോജക മണ്ഡലത്തിലു 10 കിലോമീറ്റർ മഞ്ചേശ്വരം മണ്ഡലത്തിലുമാണ്. കാസർകോട് മണ്ഡലത്തിലെ പള്ളത്തടുക്കയിലാണ് ഇന്നലെ അപകടം നടന്നത്. ഇന്നു നടന്ന അപകടം മഞ്ചേശ്വരം മണ്ഡലത്തിലാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ റോഡ് വികസനം പൂർത്തിയായതാണ്. കാസർകോട് മണ്ഡലത്തിലേതു പാതിവഴിയിലാണ്. ഇതുകാരണം ഇവിടെ അപകടം പതിവാണ്.ചെർക്കള–കല്ലടുക്ക അന്തർ സംസ്ഥാന പാതയിൽ പള്ളത്തടുക്കയ്ക്കു സമീപം ‘എസ്’ ആകൃതിയിലുള്ളതും കയറ്റവും ഇറക്കവുമുള്ളതുമായ വളവിൽ ഒട്ടോറിക്ഷയും സ്കൂൾ ബസും കൂട്ടിയിടിച്ച് സഹോദരിമാർ ഉൾപ്പെടെ ഒരു കുടുംബത്തിലെ 4 സ്ത്രീകൾ അടക്കം 5 പേരാണ് ഇന്നലെ മരിച്ചത്. പൈക്ക നെക്രാജെയിലെ ബന്ധുവിന്റെ മരണണ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മാന്യയിലെ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ബസാണ് ഓട്ടോയെ ഇടിച്ചത്. കുൺട്ടിക്കാനം സ്വദേശി ജോൺ ഡിസൂസ(ജെറി–56) നെതിരെ പൊലീസ് കേസെടുത്തു.
കേരള റോഡ് ഫണ്ട് ബോർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പാതയിൽ കാസർകോട് മണ്ഡലത്തിലെ റോഡ് 4 വർഷം മുൻപ് ആദ്യഘട്ട ടാറിങ് നടത്തിയത്. രണ്ടാംഘട്ട ടാറിങ് പൂർത്തിയാക്കാതെ കരാറുകാരൻ പിൻവാങ്ങി. തുടർന്ന് പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ട് ഈയിടെ റീ ടെൻഡർ ചെയ്തെങ്കിലും പണി ഏറ്റെടുക്കാൻ ആളുണ്ടായില്ല. ഇതോടെ രണ്ടാംഘട്ട ടാറിങ് മുടങ്ങി. വളവും ഇറക്കവുമുള്ള റോഡിൽ ടാറിങ് പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നു. മാത്രമല്ല, ഇവിടെയൊന്നും റോഡിന്റെ മധ്യഭാഗം വേർതിരിക്കുന്ന മാർക്കിങും നടത്തിയിട്ടില്ല. ഇതെല്ലാം 5 പേരുടെ അപകട മരണത്തിലക്ക് നയിച്ച ഘടകങ്ങളാണ്