തൃശ്ശൂർ കൊടകര: കുറുമാലിപുഴയിലെ മറ്റത്തൂർ ആറ്റപ്പിള്ളി കടവിൽ കാണാതായ യൂബർ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മറ്റത്തൂർ പടിഞ്ഞാറ്റുമുറി കാര്യങ്ങാട്ടിൽ സദാനന്ദന്റെ മകൻ അജിത്തിന്റെ (28) മൃതദേഹമാണ് പന്തല്ലൂർ ചെങ്ങാന്തുരുത്തി ക്ഷേത്രത്തിനു സമീപത്തെ കോഞ്ചാൻ കടവിൽ ഇന്നു രാവിലെ കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയിൽ ആറ്റപ്പിള്ളി പുഴയോരത്തെ പമ്പ്ഹൗസ് കടവിൽ കൂട്ടുകാർക്കൊപ്പം ഒത്തുകൂടിയ അജിത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് അജിത്തിനെ കാണാനില്ലെന്ന് വീട്ടുകാർ കൊടകര പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ യുവാവിന്റെ കാറും ചെരിപ്പുകളും മറ്റും പുഴയോരത്ത് കണ്ടെത്തി. പുഴയിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷ സേനയും സ്കൂബ ഡൈവേഴ്സും സ്ഥലത്തെത്തി ചൊവ്വാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്നുരാവിലെ എൻ.ഡി.ആർ.എഫ് സംഘം എത്തി തെരച്ചിൽ ആരംഭിച്ചതിനിടെയാണ് മൃതദേഹം കിട്ടിയ വിവരം അറിഞ്ഞത്.
എറണാകുളത്ത് യൂബർ ടാക്സി ഡ്രൈവറാണ് മരിച്ച അജിത്ത്. അജിത്തിനോടൊപ്പം പുഴയോരത്ത് ഒത്തുകൂടിയവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.