ബസിന്റെ കൂട്ടയിടി, സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ലോറിയിലും ഇടിച്ചു; എട്ട് പേര്‍ക്ക് പരിക്ക്



 ഇടുക്കി മുട്ടം: സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ടിപ്പര്‍ ലോറിയിലും ഇടിച്ച്‌ എട്ട് പേര്‍ക്ക് പരിക്ക്. മുട്ടം- മൂലമറ്റം റോഡില്‍ ശങ്കരപ്പള്ളി പാലത്തിന് സമീപം ഇന്നലെ രാവിലെ 11.45 മണിയോടെയായിരുന്നു സംഭവം.

മൂലമറ്റം ഭാഗത്ത് നിന്ന് തൊടുപുഴയ്ക്ക് പോയ ബസ് നിയന്ത്രണം തെറ്റി എതിര്‍ ദിശയില്‍ വന്ന ഓട്ടോറിക്ഷയിലും ഓട്ടോറിക്ഷയുടെ പിന്നാലെ വന്ന സ്‌കൂട്ടറിലും ടിപ്പര്‍ ലോറിയിലും ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ തലകീഴായി വട്ടം മറിഞ്ഞു. സ്‌കൂട്ടര്‍ റോഡിന് ചേര്‍ന്നുള്ള കല്‍കെട്ടിന് താഴേക്ക് തെറിച്ച്‌ വീണു. അപകടത്തില്‍ സാരമായ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരായ ഇലപ്പള്ളി അരീപ്ലാക്കല്‍ ഹരി, ഭാര്യ ജയ, ഓട്ടോറിക്ഷ ഓടിച്ചിരുന്ന മൂലമറ്റം സ്വദേശിയായ ബിനില്‍ എന്നിവരെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ബസ് യാത്രയാത്രക്കാരായ കൂവപ്പള്ളി സ്വദേശി അന്നക്കുട്ടി,

കുടയത്തൂര്‍ സ്വദേശി രമ, ചക്കിക്കാവ് സ്വദേശി മേരി, മണപ്പാടി സ്വദേശി ലിസി എന്നിവരെ തൊടുപുഴയിലുള്ള വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അറക്കുളം സ്വദേശിയായ മോഹന്റെ മകന് കണ്ണില്‍ സാരമായ പരിക്ക് സംഭവിച്ചതിനെ തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ കണ്ണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടം എസ്.എച്ച്‌.ഒ പ്രിൻസ് ജോസഫ്, എസ്.ഐമാരായ ഹാഷിം, ബിജു, ഷാജു, ഉള്‍പ്പെടെയുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ബസില്‍ ഉടക്കിയ ലോറി തൊടുപുഴ, മൂലമറ്റം ഭാഗങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് കട്ടര്‍ ഉപയോഗിച്ച്‌ അടര്‍ത്തി മാറ്റിയത്. അപകടത്തെ തുടര്‍ന്ന് രണ്ട് ഒരു മണിക്കൂറോളം നേരം ഗതാഗതം

തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമാണ്. പരിക്കേറ്റവരെ ശങ്കരപ്പിള്ളിയിലെ ഓട്ടോറിക്ഷകളിലാണ് തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചത്.

സ്ഥിരം അപകടമേഖല


ശങ്കരപ്പിള്ളി ജംഗ്ഷനടുത്ത പാലത്തിന് സമീപം സ്ഥിരം അപകട മേഖലയാണ്. നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. ഇന്നലെ അപകടം നടന്ന അതേ സ്ഥലത്ത് രണ്ടാഴ്ച മുമ്ബ് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഇതേ സ്ഥലത്ത് മറ്റൊരു അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. മൂന്ന് മണിയോടെ ഇതുവഴി വന്ന ലോറി റോഡില്‍ നിന്നും തെന്നിമാറി കാറില്‍ ഇടിക്കേണ്ടതായിരുന്നു. കാര്‍ ടാറിങിന് പുറത്തേക്ക് ചാടിച്ചാണ് അപകടം ഒഴിവാക്കിയത്. ഇവിടെയുള്ള പാലത്തിന്റെ കൈവരികള്‍ കാലപ്പഴക്കത്താല്‍ തകര്‍ന്ന നിലയിലാണ്. പാലത്തിന് താഴെ മലങ്കര ജലാശയത്തിലെ വെള്ളം കയറിക്കിടക്കുന്ന ആഴമേറിയ പഴയ തോടാണ്. റോഡിന്റെ നിര്‍മ്മാണത്തിലുള്ള അപാകത കാരണം ഈ ഭാഗത്ത് വരുമ്ബോള്‍ ഡ്രൈവര്‍മാര്‍ക്ക് അവര്‍ ഉദ്ദേശിച്ച രീതിയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാനാകില്ല.


മുട്ടത്ത് അപകട പരമ്ബര 

ഇന്നലെ ഉച്ചകഴിഞ്ഞ് മുട്ടം ടൗണില്‍ ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേറ്റു. ഇതേസമയം മുട്ടം പഞ്ചായത്തിന് മുമ്ബില്‍ കെ.എസ്.ആര്‍.ടി ബസും കാറും ചെറുതായി തട്ടി. ആര്‍ക്കും കാര്യമായ പരിക്കില്ല.

Post a Comment

Previous Post Next Post