തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ ചെമ്പൂത്രയ്ക്കും പാണഞ്ചേരിക്കും ഇടയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു. മലപ്പുറം ചങ്ങരുകുളം സ്വദേശി പൂവക്കാട്ട് വീട്ടിൽ അക്ഷയ് (20), അനഘ (18) എന്നിവർക്കാണ് പരിക്കേറ്റത്. അനഘയുടെ നില ഗുരുതരമായി തുടരുന്നു. ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ അപകടം ഉണ്ടായത്. അയേൺ ക്രാഷ് ബാരിയറിൽ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് വിവരം. ശബ്ദം കേട്ട് സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാർ ഓടിയെത്തുമ്പോൾ രണ്ടുപേരും റോഡിൽ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് 100 മീറ്ററോളം ദൂരം മുന്നോട്ട് നീങ്ങി ഡിവൈഡറിൽ ഇടിച്ച് കിടക്കുന്ന നിലയിലായിരുന്നു. അപകടകാരണം വ്യക്തമല്ല. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിങ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.