തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ ചുവന്നമണ്ണ് സെന്ററിൽ സ്കോർപിയോ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാവറട്ടി മുട്ടത്ത് വീട്ടിൽ സീജോ (52) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ചുവന്നമണ്ണ് സെന്ററിൽ യു ടേൺ തിരിയാൻ ശ്രമിക്കുകയായിരുന്ന
സീജോയുടെ ബൈക്കിൽ ഇതേ ദിശയിൽ വരികയായിരുന്ന സ്കോർപിയോ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ സീജോയുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ച കാർ മറിയുകയും ചെയ്തു. ഇതേ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സീജോയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെൽസർ വാട്ടർ ടാങ്ക് സെയിൽസ് എക്സിക്യൂട്ടീവ് ആണ് അപകടത്തിൽ മരിച്ച സീജോ. കാർ ഓടിച്ചിരുന്ന നേവി ഓഫീസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചുവന്നമണ്ണ് പാലത്തിന് താഴെയുള്ള ഡിവൈഡറുകൾ ദേശീയപാത നിർമ്മാണത്തെ തുടർന്ന് പൊളിച്ചു മാറ്റിയതാണ് അപകടമുണ്ടാകാൻ വഴിയൊരുക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ഇടതുവശത്തുകൂടി കടന്നുവരുന്ന വാഹനങ്ങൾ പെട്ടെന്ന് ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുകയും സ്പീഡ് ട്രാക്കിലൂടെ വരുന്ന വാഹനങ്ങൾക്ക് ഇവ ശ്രദ്ധയിൽ പെടാതിരിക്കുകയും ചെയ്യുന്നതാണ് അപകടത്തിന് കാരണം. എത്രയും വേഗം പ്രദേശത്തെ ഡിവൈഡറുകൾ പുനസ്ഥാപിക്കണമെന്ന് ചുവന്നമണ്ണിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ആവശ്യപ്പെട്ടു