അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ഇന്ന് മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. ഉച്ചതിരിഞ്ഞ് വൈകുന്നേരം വരെയുള്ള സമയങ്ങളിൽ നടന്ന വ്യത്യസ്ഥ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചക്ക് 1 – 45 ഓടെ പഴയ നടക്കാവ് റോഡിൽ ബൈക്കിന് പിന്നിൽ കാർ ഇടിച്ച് പറവൂർ വിഷ്ണുഭവനിൽ വിനോദ് (46) ന് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ വിനോദിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 4-50 ഓടെ അമ്പലപ്പുഴ ഭാഗത്ത് വെച്ച് പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന കരുമാടി കന്നിട്ടച്ചിറ വീട്ടിൽ ബിൻസി (42) ന് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വൈകിട്ട് 5-45 ഓടെ അമ്പലപ്പുഴ തിരുവല്ല റോഡിൽ കച്ചേരി മുക്കിന് കിഴക്കുഭാഗത്ത് സ്കൂട്ടറിന് പിന്നിൽ ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ വാടയ്ക്കൽ സരോവരം വീട്ടിൽ രാധാകൃഷ്ണൻ (60), എഴുപുന്ന ദേവകീ ഭവനിൽ മണിക്കുട്ടൻ (60) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഇടിച്ച ബൈക്ക് നിയന്ത്രണം തെറ്റി കാൽനടയാത്രക്കാരനായപുറക്കാട് ചെറുപുഷ്പം വീട്ടിൽ ജയിംസ് കുട്ടി (65) നെയും ഇടിച്ചു. പരിക്കേറ്റ മൂവരേയും നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.