കാസർകോട് കുമ്ബള: ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് പരുക്ക്.
പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് ആരോപണം. ബന്തിയോട് പച്ചമ്ബളയില്‍ വെച്ചായിരുന്നു അപകടം.
മംഗ്‌ളുറു കെ സി റോഡിലെ ഇസ്മാഈലിന്റെ ഭാര്യ ഫാത്വിമ (34), ഫാത്വിമയുടെ മകളും ബന്തിയോട് ചേവാറിലെ അസ്ഹറിന്റെ ഭാര്യയുമായ ആഇശ (21), മകന്‍ റാസിഖ് (11), ചേവാറിലെ ആസിഫ് (30), ഭാര്യ റിസാന (21), മകള്‍ ഖദീജത് അസ്‌റീന (മൂന്ന് മാസം) എന്നിവരാണ് ഓടോറിക്ഷയില്‍ ഉണ്ടായിരുന്നത്.
ഇതില്‍ ആഇശ എട്ടു മാസം ഗര്‍ഭിണിയാണ്. ആഇശയ്ക്കും മാതാവ് ഫാത്വിമയ്ക്കും മകന്‍ റാസിഖിനും റിസാനയ്ക്കുമാണ് പരുക്ക്. ഫാത്വിമയെയും മകള്‍ ആഇശയെയും ആണ്‍കുട്ടിയെയും 108 ആംബുലന്‍സിലാണ് കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെത്തിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ആഇശ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
ബന്തിയോട് പച്ചമ്ബള ഭാഗത്ത് താമസത്തിനായി വീട് കാണാന്‍ വന്നതായിരുന്നു ഫാത്വിമയും കുടുംബവും. ഇവരുടെ കൂടെ ഓടോറിക്ഷയില്‍ പ്രദേശവാസിയായ ആസിഫും ഭാര്യയും കുഞ്ഞും കൂടി ഉണ്ടായിരുന്നു. ഓടോറിക്ഷയുടെ മുന്നില്‍ ഡ്രൈവറുടെ തൊട്ടടുത്താണ് ആസിഫ് ഇരുന്നിരുന്നത്. ഈ സമയത്ത് അതുവഴി വന്ന പൊലീസ് ജീപ് ഡ്രൈവറുടെ സീറ്റില്‍ രണ്ടു പേരെ കണ്ട് ഓടോറിക്ഷയെ പിന്തുടര്‍ന്നതായും ഇതിനിടെ വളവില്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നുമാണ് അപകടത്തില്‍ പെട്ടവര്‍ പറയുന്നത്