ചെന്നൈ: തമിഴ്‌നാട് തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ മരിച്ചു. നിര്‍ത്തിയിട്ട മിനി ബസില്‍ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ വാണിയമ്ബാടിയിലാണ് സംഭവം
കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ബംഗളൂരു- ചെന്നൈ ദേശീയ പാതയില്‍ വച്ച് മിനി ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വാഹനം പാതയോരത്ത് നിര്‍ത്തിയിരുന്നു. യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട ഡ്രൈവര്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. മുന്‍ഭാഗത്തുണ്ടായിരുന്ന ഏഴ് സ്ത്രീകളാണ് മരിച്ചത്. മീര, ദേവനായി, സീതമ്മാള്‍, ദേവകി, സാവിത്രി, കലാവതി, ഗീതാഞ്ജലി എന്നിവരാണ് മരിച്ചത്
പരിക്കേറ്റ പതിമുന്ന് പേരെ തിരുപ്പത്തൂര്‍ വാണിയമ്ബാടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തരധനസഹായമായി ഒരുലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് അടിയന്തരധനസഹായമായി അരലക്ഷം രൂപയും അനുവദിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.