ഇന്ന് 11 ജില്ലകളിലും യെല്ലോ അലെർട്ട്, മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം



 തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാനാണ് സാധ്യത. ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഒന്‍പത് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പ് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.


നിലവില്‍ വടക്കൻ കർണ്ണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി സ്ഥിതി ചെയ്യുകയാണ്. ഇവയ്ക്ക് പുറമെ വടക്കൻ മധ്യപ്രദേശിന്‌ മുകളിലും മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായും ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക് - കിഴക്കൻ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തുടർന്ന് പടിഞ്ഞാറ്, വടക്ക് - പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു

Post a Comment

Previous Post Next Post