മുണ്ടക്കയം: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്ത എറണാകുളം സ്വദേശികളായ സജീവ്, സുജാത, ഷാജി, നസീറ, ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടി ഏദൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയ പാതയിലെ മുണ്ടക്കയം 35-ാം മൈലിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. കോട്ടയത്തു നിന്നും കുമളിയിലേക്ക് പോയ കൊണ്ടോടി ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ ബസ് യാത്രക്കാരായ മൂന്നുപേരെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.