മലപ്പുറം വളാഞ്ചേരി റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചു; വളാഞ്ചേരിയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ദേശീയപാത 66ലെ വളാഞ്ചേരിയിൽ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. വളാഞ്ചേരിയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന പൈങ്കണ്ണൂർ സ്വദേശി പന്നിക്കോട്ടിൽ സാബുവി(43)നെയാണ് നിയന്ത്രണം വിട്ട ബൈക്കിടിച്ചത്. ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന സാബുവിനെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ബജാജ് പൾസർ 220 ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീഴുന്നതിനിടെ സാബുവിന്റെ തല റോഡിന്റെ നടുവിൽ സ്ഥാപിച്ച ഡിവൈഡറിൽ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലയിലേറ്റ പരിക്കുകളോടെ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.