തൃശ്ശൂർ പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാത കൊമ്പഴയിൽ ഇന്നോവ കാറിൽ ട്രെയ്ലർ ലോറി ഇടിച്ച് അപകടം. അപകടത്തിൽ എറണാകുളം സ്വദേശികളായ നാല് പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. നെടുമ്പാശ്ശേരി സ്വദേശികളായ അരുൺ, ജോബി, ജിജോ, ദിവ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് (ബുധനാഴ്ച) രാവിലെ ഏഴ് മണിക്കാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ അപകടം ഉണ്ടായത്. കുതിരാൻ തുരങ്കം കഴിഞ്ഞയുടൻ ദേശീയപാതയോരത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനായി നിർത്താൻ ശ്രമിച്ച കാറിന് പുറകിൽ ട്രെയ്ലർ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് കാർ മറിയുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ഹൈവേ പോലീസും ദേശീയപാത റിക്കവറി വിങും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.