സൗദിയിലെ റിയാദിന് സമീപം വാഹനാപകടം കൊല്ലം ശാസ്താംകോട്ട സ്വദേശിക്ക് ദാരുണാന്ത്യം

 

സൗദി മധ്യപ്രവിശ്യയിൽ റിയാദിൽ നിന്ന്​ 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിന്​ സമീപം കാർ നിയന്ത്രണം വിട്ട്​ മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവിന്​ പരി​ക്കേറ്റു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി വലിയ വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെയും ലൈല ബീവിയുടെയും മകൻ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാട്ടുകാരൻ നാസിം പെരുവയലിനെ പരിക്കുകളോടെ ഹുത്ത ബനീ തമീം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ശനിയാഴ്​ച) രാത്രി ഒമ്പതിനാണ്​ സംഭവം.


ഹുത്ത ബനീ തമീമിന്​ അടുത്തുള്ള ഹരീഖ്​ പട്ടണത്തിൽ നിന്ന്​ റിയാദിലെ അൽഹൈയിറിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഹരീഖിൽനിന്ന്​ 55 കിലോമീറ്റർ പിന്നിട്ട്​ വിജനമായ സ്ഥലത്താണ് കാർ മറിഞ്ഞത്. മരിച്ച മുഹമ്മദ് റാശിദ്​ അവിവാഹിതനാണ്. സഹോദരങ്ങളായ ജിഷാർ, റിയാസ്​ എന്നിവർ ഹരീഖിൽ ജോലി ചെയ്യുന്നു​​. ഏക സഹോദരി: റജീന. പിതാവ്​ മുഹമ്മദ് കുഞ്ഞി ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു. മുഹമ്മദ്​ റാശിദ്​ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) സജീവ പ്രവർത്തകനാണ്​. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാൻ ഹുത്ത ബനീ തമീം കെ.എം.സി.സി പ്രവർത്തകരും റിയാദ്​ കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ്​ തുവ്വൂരും ഒ.ഐ.സി.സി പ്രവർത്തകൻ നാസർ ലെയ്​സും രംഗത്തുണ്ട്​.

Post a Comment

Previous Post Next Post