ആലംകോട് വഞ്ചിയൂരിന് സമീപം വ്യത്യസ്തമായ രണ്ട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

 


 തിരുവനന്തപുരം ആലംകോട് : നഗരൂർ റോഡിൽ കടവിള ജംഗ്ഷനു സമീപം ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായിരുന്ന യുവാവ് മരിച്ചു. അല്പസമയത്തിന്റെ വ്യത്യാസത്തിൽ വഞ്ചിയൂരിന് സമീപം കാൽനടയാത്രക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് ഉണ്ടായ മറ്റൊരു അപകടത്തിൽ വയോധികനും ദാരുണാന്ത്യം.

ഇന്ന് വൈകുന്നേരം 7 മണി കഴിഞ്ഞാണ് രണ്ട് അപകടങ്ങളും നടന്നത്. ആലംകോട് ഭാഗത്തേക്ക് വന്ന തിരുവാതിര ബസ്സിലേക്ക് എതിർ ദിശയിൽ വന്ന ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വഞ്ചിയൂർ കട്ടപ്പറമ്പ് ഊറ്റുകുഴി വീട്ടിൽ വിഷ്ണു(25) ആണ് മരണപ്പെട്ടത്.. സ്വകാര്യ ബസ് ഇടതു വശത്തെ ട്രാക്കിൽ കൂടി തന്നെയാണ് സഞ്ചരിച്ചത്.ബസ് ഡ്രൈവറുടെ കാബിന്റെ അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സിൽ കുടുങ്ങിയ നിലയിലായിരുന്നു. മരണപ്പെട്ട വിഷ്ണു അവിവാഹിതനാണ്. അതേസമയം വഞ്ചിയൂരിന് സമീപം ഓട്ടോറിക്ഷ കാൽനടയാത്രക്കാരനെ ഇടിച്ചുണ്ടായ അപകടത്തിൽ വഞ്ചിയൂർ സ്വദേശിയായ മോർച്ചറി സത്യൻ എന്നറിയപ്പെടുന്ന സത്യൻ (65)ആണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സവുമുണ്ടായി.

നഗരൂർ പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.




Post a Comment

Previous Post Next Post