ദുബൈ: മലയാളിയായ മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ ഫുജൈറ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്.
പത്ത് വര്‍ഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍, ഇന്ത്യയിലെ മികച്ച മുങ്ങല്‍ വിദഗ്ധരില്‍ ഒരാളാണ്. കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിക്കിടെയാണ് അനിലിനെ കാണാതായത്. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹള്‍) ഉള്ളില്‍ കയറി വൃത്തിയാക്കുന്ന അതിസാഹസികമായ ജോലിയില്‍ സൂപ്പര്‍വൈസറായിരുന്നു ഇദ്ദേഹം.
ഞായറാഴ്ചയാണ് അനില്‍ കപ്പിലിന്റെ ഹള്ളില്‍ കയറിയത്. കൂടെ ജോലിക്കുണ്ടായിരുന്നവര്‍ക്ക് പ്രവൃത്തി പരിചയം കുറവായത് കൊണ്ട് അനില്‍ തന്നെ ജോലി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിന് ശേഷവും മുകളിലേക്ക് അനില്‍ തിരിച്ചെത്താത്തത് കൊണ്ട് കപ്പല്‍ അധികൃതര്‍ ഫുജൈറ പൊലീസിന്റെ സഹായം
തേടുകയായിരുന്നു. പൊലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. ഭാര്യ ടെസിയ്ക്കും നാലു വയസ്സുകാരി മകള്‍ക്കുമൊപ്പമാണ് അനില്‍ ഫുജൈറയില്‍ താമസിക്കുന്നത്.