കോഴിക്കോട്: മാറിക്കയറിയ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു വീട്ടമ്മയുടെ കാൽപാദം അറ്റു. മലപ്പുറം ചങ്ങരംകുളം ആലംകോട് സ്വദേശി ചക്കോടത്ത് വളപ്പിൽ സതി (56) ആണ് അപകടത്തിൽപ്പെട്ടത്. ചികിത്സയുടെ ഭാഗമായാണ് വീട്ടമ്മ കോഴിക്കോട് എത്തിയത്. അപകടത്തെ തുടർന്ന് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. മകനോടൊപ്പം റെയിവേ സ്റ്റേഷനിലെത്തി കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്തു. ഈ സമയം കോയമ്പത്തൂർ മംഗളൂരു ട്രെയിൻ സ്റ്റേഷനിൽ എത്തി. ഇതിൽ കയറിയെങ്കിലും പുറത്തുനിന്ന മകൻ ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇറങ്ങുന്ന സമയത്ത് ട്രെയിൻ പുറപ്പെട്ടിരുന്നു. പുറത്തേക്ക് ചാടുന്നതിനിടയിലാണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണത്. ഉടനെ റെയിൽവേ പൊലീസും ആർപിഎഫും എത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.