കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രത്തില്‍ യുവാവിന്റെ കൈ കുടുങ്ങി; കൈ മുറിച്ചുമാറ്റി ആളെ രക്ഷപ്പെടുത്തി

 


തിരുവനന്തപുരം: വിഴിഞ്ഞത്ത് കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രത്തില്‍ യുവാവിന്റെ കൈ കുടുങ്ങി. പൂവാര്‍ സ്വദേശി മനുവിന്റെ കൈയാണ് കുടുങ്ങിയത്.

യന്ത്രത്തിന്റെ പല്‍ച്ചക്രങ്ങള്‍ക്കിടയില്‍ നിന്ന് കൈ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ ഡോക്ടറെത്തി കൈ മുറിച്ചുമാറ്റിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.


വിഴിഞ്ഞം കാവുവിളാകം തോട്ടിൻ കരയിലെ നടവഴിയില്‍ കോണ്‍ക്രീറ്റ് ജോലിയ്ക്ക് എത്തിയ പൂവാര്‍ തിരുപുറം അംബേദ്കര്‍ കോളനിയില്‍ പരേതനായ ഡെന്നിസന്റെയും സുശീലയുടെയും മകൻ മനു (33) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ട് 5 ഓടെ യായിരുന്നു അപകടം. നഗരസഭയുടെ ഇടവഴികള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി നടന്ന ജോലി കഴിഞ്ഞ ശേഷം കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് അപകടം. യന്ത്രം ഓഫാക്കാതെ പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച്‌ വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ചാക്ക് കുടുങ്ങി കൈ അകപ്പെടുകയായിരുന്നു.

ഒപ്പമുണ്ടായിയിരുന്നവര്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെയും വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് എത്തി യന്ത്രംകട്ട് ചെയ്ത് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്ന് മനുവിന്റെ കൈ, മുട്ടിന് മുകളില്‍ വച്ച്‌ മുറിച്ചുമാറ്റുകയായിരുന്നു. സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോക്ടര്‍ സ്ഥലത്തെത്തി കൈ മരവിപ്പിച്ച ശേഷമാണ് കൈ മുറിച്ചുമാറ്റിയത്.


തുടര്‍ന്ന് മനുവിനെ ആംബുലൻസില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിതാവ് മരിച്ച ശേഷം രോഗിയായ അമ്മയെയും അനുജന്റെയും ഏക ആശ്രയമായിരുന്നു അവിവാഹിതനായ മനു. സൈറ്റില്‍ യന്ത്രം ഓപ്പറേറ്റ് ചെയ്തിരുന്നതും മനുവാണ്.

Post a Comment

Previous Post Next Post