കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന കോതമംഗലം സ്വദേശിനി മീനു മനോജ് (22) ആണ് മരിച്ചത്. ഹോസ്റ്റലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. ഇതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പെൺകുട്ടികളാണ് ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.