ലക്നോ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപമുള്ള പഴയ കെട്ടിടം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
മഥുര ജില്ലയിലുള്ള ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് മരിച്ചത്. കാണ്‍പൂര്‍ സ്വദേശികളായ ഗീത കശ്യപ് (50), അരവിന്ദ് കുമാര്‍ യാദവ് (35), രശ്മി ഗുപ്ത (52), വൃന്ദാവനിലെ അഞ്ജു മുര്‍ഗൻ (51), ഡിയോറിയയിലെ ചന്ദൻ റായ് (28)എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന്‍റെ ബാല്‍ക്കണിയുടെ ഒരു വലിയ ഭാഗം വീടിനു മുന്നിലൂടെ നടന്നുപോയ ഭക്തരുടെ മേല്‍ അടര്‍ന്ന് വീഴുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ, കെട്ടിടത്തിന്‍റെ ഒരു മതിലും തകരുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തി. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. ജില്ലാ ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.