കുഴഞ്ഞുവീണ യാത്രക്കാരന് തുണയായി സ്വകാര്യബസ് ജീവനക്കാര്‍; ആശുപത്രിയിലെത്തിച്ചു

 


ആലപ്പുഴ  അരൂര്‍: രാവിലെ 6.35-നാണ് 'മലയാളീസ്' ബസ് ചേര്‍ത്തലയില്‍നിന്നു പുറപ്പെട്ടത്. 7.57-ന് കലൂരിലെത്തണം. ജോലിക്കാരും വിദ്യാര്‍ഥികളുമൊക്കെയുണ്ട് ബസില്‍ സമയത്ത് എത്താനായി പോകുമ്ബോഴാണ് പെട്ടെന്നൊരാള്‍ കുഴഞ്ഞു വീണത്.

പിന്നെയൊന്നുമാലോചിച്ചില്ല, തിരക്കേറിയ ട്രിപ്പില്‍ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ യാത്രക്കാരുമായി 'മലയാളീസ്' ആശുപത്രിയിലേക്ക് കുതിച്ചു. സ്വന്തം ജീവിതമല്ല, ജീവനാണ് വലുതെന്നു തെളിയിച്ച്‌ സ്വകാര്യബസിലെ ജീവനക്കാര്‍ കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിച്ചു. 


കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡ് എഴുപുന്നമാത്ത് നികര്‍ത്ത് സുരേന്ദ്രൻ (59) ആണ് ഷുഗര്‍ കുറഞ്ഞ് ബസില്‍ കുഴഞ്ഞുവീണത്. രാവിലെ 7.10-നായിരുന്നു സംഭവം. എഴുപുന്നയ്ക്കു മുൻപുള്ള പി.എസ്. കവലയില്‍നിന്ന് കയറി വൈറ്റിലയ്ക്ക് ടിക്കറ്റെടുത്ത സുരേന്ദ്രൻ എഴുപുന്നയില്‍ എത്തിയപ്പോഴാണ് കുഴഞ്ഞു വീണത്.

 യാത്രക്കാരടക്കം പരിഭ്രമിച്ചപ്പോള്‍ ബസ് ജീവനക്കാര്‍ ഉടൻതന്നെ സുരേന്ദ്രനെ എരമല്ലൂരിലെ പുന്നപ്പുഴ നഴ്സിങ് ഹോമിലെത്തിച്ചു. അവിടെനിന്ന് പരിശോധനകള്‍ക്കു ശേഷം ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


നഴ്സിങ് ഹോമിലെ പരിശോധനകള്‍ കഴിയുംവരെ യാത്രക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഡ്രൈവര്‍ സുമേഷ്, കണ്ടക്ടര്‍ ശ്രീജിത്ത്, ജീവനക്കാരനായ സജീഷ് എന്നിവര്‍ ഒപ്പം നിന്നു.


തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ എറണാകുളത്തേക്ക് ആംബുലൻസില്‍ കയറ്റിവിട്ട ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. സുരേന്ദ്രനെ ശനിയാഴ്ച ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വിടുമെന്ന് ഡോക്ടര്‍ അറിയിച്ചതായി മകള്‍ പറഞ്ഞു.


Post a Comment

Previous Post Next Post