66 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന്‌ ഇന്നു മൂന്നു വയസ്‌

 






മൂന്നാര്‍: മലയിടിഞ്ഞ്‌ 66 പേരുടെ ജീവന്‍ പൊലിഞ്ഞ പെട്ടിമുടി ദുരന്തത്തിന്‌ ഞായറാഴ്‌ച മൂന്നു വര്‍ഷം. ഇരവികുളം രാജമലയ്‌ക്ക്‌ സമീപം 2020 ഓഗസ്‌റ്റ്‌ ആറിന്‌ അര്‍ധരാത്രിയിലുണ്ടായ ദുരന്തത്തില്‍ നാല്‌ പേരുടെ മൃതദേഹം ഇതു വരെ കണ്ടെത്തിയിട്ടില്ല.

ഒരു ഗർഭിണിയും 18കുട്ടികളുമടക്കം ദരിദ്രരിൽ ദരിദ്രരായ പെട്ടിമുടിയിലെ ആ ഹതഭാഗ്യരുടെ വേർപാടിന് ഇന്ന് മൂന്ന് വർഷമാവുകയാണ്. പെട്ടിമുടിയിലെ ഉരുൾപൊട്ടലിന്റെ വിറങ്ങലിച്ച ദൃശ്യങ്ങൾ ഇപ്പോഴും മലയാളികളുടെ മനസിൽ മായാതെ കിടക്കുകയാണ്. കണ്ണൻദേവൻ കമ്പനിയുടെ കണക്ക് പ്രകാരം 82 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ 12 പേരെ രക്ഷപ്പെടുത്തി. 66 പേരുടെ മൃതദേഹം കണ്ടെത്തി. 4 പേരുടെ മൃതദേഹം കണ്ടുകിട്ടിയില്ല. നീണ്ട 18 ദിവസത്തെ പരിശോധനക്ക് ശേഷം കഴിഞ്ഞ ആഗസ്ത് 25ന് ആണ് ഔദ്യോഗികമായി പെട്ടിമുടിയിലെ തിരച്ചിൽ അവസാനിപ്പിച്ചത്.

ലയങ്ങള്‍ നിന്നിരുന്ന പ്രദേശത്ത്‌ നിന്നു മൂന്നുകിലോ മീറ്റര്‍ ഉയരത്തില്‍ നിന്ന്‌ മലയിടിഞ്ഞ്‌ വന്‍ പാറകളും മണ്ണും ചെളിയും കുത്തിയൊലിച്ച്‌ എത്തുകയായിരുന്നു. ശക്‌തമായ കാറ്റിലും മഴയിലും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായിരുന്നു. പിറ്റേന്ന്‌ രാവിലെയാണ്‌ ദുരന്തവിവരം പുറംലോകം അറിഞ്ഞത്‌. 

നാല്‌ ലയങ്ങളിലായി 21 കുടുംബങ്ങളാണ്‌ താമസിച്ചിരുന്നത്‌. നാല്‌ ലയങ്ങളും പൂര്‍ണമായി മണ്ണിനടിയില്‍പ്പെട്ടു. ദുരന്തം നടന്ന പ്രദേശത്ത്‌ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെ കെ.ഡി.എച്ച്‌.പി കമ്ബനിയുടെ ഉടമസ്‌ഥതയിലുള്ള രാജമല മൈതാനത്താണ്‌ എല്ലാവരും അന്ത്യ വിശ്രമം കൊള്ളുന്നത്‌. 

മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ രണ്ടാഴ്‌ചയോളം രക്ഷാ പ്രവര്‍ത്തനം നടത്തേണ്ടതായി വന്നു. അപകട വിവരം അറിഞ്ഞയുടന്‍ തന്നെ എന്‍.ഡി.ആര്‍.എഫ്‌, അഗ്‌നിശമന സേനാംഗങ്ങള്‍, മൂന്നാറില്‍ നിന്നും യുവജന സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പെട്ടിമുടിയിലെത്തി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ദുരന്ത വിവരം അറിഞ്ഞ ഉടന്‍ എം.എം മണി എം.എല്‍.എയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍, മന്ത്രിമാര്‍, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ദുരന്ത സ്‌ഥലത്തെത്തി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ അഞ്ചുലക്ഷം രൂപ വീതം സര്‍ക്കാര്‍ വിതരണം ചെയ്‌തു. വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ സൗജന്യമായി കുറ്റ്യാര്‍വാലിയില്‍ കെ.ഡി.എച്ച്‌.പി കമ്ബനിയുടെ സഹായത്തോടെ എട്ട്‌ വീടുകള്‍ നിര്‍മിച്ചു നല്‍കി. ദുരന്തം നടന്നതിന്റെ പശ്‌ചാത്തലത്തില്‍ പെട്ടിമുടിയില്‍ താമസിച്ചിരുന്ന മുഴുവന്‍ തൊഴിലാളി കുടുംബങ്ങളെയും അന്ന്‌ തന്നെ മറ്റ്‌ എസ്‌റ്റേറ്റുകളിലേക്ക്‌ മാറ്റിയിരുന്നു.

Post a Comment

Previous Post Next Post