മലപ്പുറം നിലമ്പൂർ : കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി നാല് വര്‍ഷം പിന്നിടുമ്പോഴും കണ്ണീരുണങ്ങാതെ മലയോര ഗ്രാമം. 2019 ആഗസ്റ്റ് എട്ടിനാണ് ദുരന്തം മലയോര മേഖലയെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടി താഴ്വാരത്തെ 45 വീടുകള്‍ മണ്ണിനടിയിലായി. രാത്രി എട്ടോടെയുണ്ടായ ദുരന്തത്തില്‍ ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ 59 ജീവനുകള്‍ മുത്തപ്പന്‍കുന്നിന്റെ മാറില്‍ പുതഞ്ഞു.
ഇരുപത് ദിവസത്തോളം നീണ്ട തിരച്ചിലില്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 പേർ മുത്തപ്പന്‍കുന്നിന്റെ മടിത്തട്ടില്‍ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഒരുകുടുംബത്തിലെതന്നെ നാലും അഞ്ചും അംഗങ്ങള്‍ ദുരന്തത്തിനിരയായി. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ബന്ധുക്കളും സ്വന്തമായുണ്ടായിരുന്ന മണ്ണും കാലങ്ങളായി അധ്വാനിച്ചുണ്ടാക്കിയവയുമെല്ലാം മണ്ണിനടിയില്‍ പുതഞ്ഞപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയത് കുറച്ചുപേര്‍ക്ക് മാത്രം. കവളപ്പാറ കോളനിയിലേതടക്കം 45 വീടുകളാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്.
കവളപ്പാറ ദുരന്തം നടന്ന ദിവസംതന്നെയായിരുന്നു പാതാറിലും നാശം നേരിട്ടത്. വൈകീട്ട് അതിരുവീട്ടി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പാതാര്‍ എന്ന നാടുതന്നെ അപ്രത്യക്ഷമായിരുന്നു. കവളപ്പാറയില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള പാതാറില്‍ ആളപായമില്ലെന്നതായിരുന്നു ഏക ആശ്വാസം. ചരല്‍കൂനകളും കൂറ്റന്‍ പാറക്കെട്ടുകളും വന്മരങ്ങളും അടിഞ്ഞുകൂടി. റോഡ്, വീടുകള്‍, പള്ളി, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നാമാവശേഷമായി.
മലാംകുണ്ട്, മുട്ടിപ്പാലം, പാതാര്‍, പാത്രകുണ്ട്, വെള്ളിമുറ്റം, കൈപ്പിനി എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. പാതാറിൽനിന്ന് പടിഞ്ഞാറേ ഭാഗത്തുള്ള തേന്‍പാറ, ഗര്‍ഭംകലക്കി മലകളിലെ മണ്ണിടിച്ചിലാണ് അന്ന് നാശം വരുത്തിയത്. ആഘാതത്തില്‍നിന്ന് പലരും മോചിതരായിട്ടില്ല. സര്‍ക്കാറും വിവിധ സന്നദ്ധസംഘടനകളും നല്‍കിയ നഷ്ടപരിഹാരങ്ങള്‍ ഏറ്റുവാങ്ങി വിവിധയിടങ്ങളിലായി പുതുജീവിതം കെട്ടിപ്പടുക്കുമ്പോഴും ദുരന്തസ്മരണകള്‍ ഇവരെ വേട്ടയാടുകയാണ്.
മുത്തപ്പന്‍കുന്നിലെ കവളപ്പാറ കോളനിയിലെ 32 വീടുകളടക്കം നൂറ്റിയറുപതോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജിയോളജി വിഭാഗം മാറിത്താമസിക്കാന്‍ നിര്‍ദേശിച്ച കുടുംബങ്ങള്‍ക്കടക്കമാണ് പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി പുനരധിവാസം സാധ്യമാക്കിയത്.
ഒരു മഴക്കാലംകൂടി തിമിർത്ത് പെയ്തു നിറയുമ്പോൾ കവളപ്പാറയിലെ പ്രദേശവാസികളുടെ മനസ്സിൽ ഭീതിയൊഴിയുന്നില്ല. ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളിലേയ്ക്ക് മടങ്ങാൻ കവളപ്പാറക്കാർക്ക് ഇപ്പോഴും ഭയമേറെ. നഷ്ടങ്ങളെല്ലാം ഉപേക്ഷിച്ച്, ഒരിക്കലും മടങ്ങരുതെന്ന് ആഗ്രഹിച്ചിട്ടും അതിനു സാധിക്കാതെ പലരും ചിലപ്പോഴെങ്കിലും ഇവിടെ വന്ന് ഒന്നെത്തിനോക്കും. ഇനിയും മണ്ണു മടക്കിനൽകാത്ത പ്രിയപ്പെട്ടവർക്കായി ചിലർ ഈ മണ്ണിൽ കണ്ണീർ പൊഴിച്ച് മടങ്ങും.
രാത്രി എട്ടുമണിയോടടുത്ത സമയത്താണ് കവളപ്പാറയിൽ മുത്തപ്പൻ കുന്ന് മുകളിൽ നിന്ന് ഇടിഞ്ഞ് മൂന്നായി വഴിതിരിഞ്ഞ് താഴേയ്ക്ക് ഒഴുകുന്നത്. ഏകദേശം പത്ത് ഏക്കറോളം പ്രദേശത്തേയ്ക്ക് മുത്തപ്പൻ മല ഇടിഞ്ഞിറങ്ങി. താഴെയുണ്ടായിരുന്ന വീടുകളും അതിലെ ജീവനുകളും കുത്തൊഴുക്കിൽ മണ്ണിനടിയിലായി. കുറച്ചു പേർക്കു മാത്രം ജീവനും സ്വന്തക്കാരെയും തിരികെക്കിട്ടി. ഏറെപ്പേർക്കും സ്വന്തക്കാരെ രക്ഷപ്പെടുത്താൻ സാധിക്കാതെ പോയതിന്റെ സങ്കടം ഇന്ന് വിങ്ങുന്ന ഓർമ. പാതാറിലെ ഉരുൾപൊട്ടലിൽ ജലനിരപ്പുയർന്ന് സ്ഥലം ഒറ്റപ്പെട്ടതിനാൽ വിവരം പുറംലോകം അറിയാനും വൈകി. 59 പേരുടെ മരണം, 96 പേർക്ക് വീട് നഷ്ടം, 44 വീടുകൾ പൂർണമായും മണ്ണിനടിയിൽ... ചെറിയ കണക്കുകളിൽ പോലും ആ വലിയ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തം. ഉരുൾപൊട്ടലിൽ രൂപപ്പെട്ട തുരുത്തിൽ കുടുങ്ങിയത് 24 വീട്. സ്ഥലത്ത് തുടരുന്നത് അപകടകരമായതിനാൽ 28 വീട്ടുകാരെ സർക്കാർ ഇടപെട്ട് ഒഴിപ്പിച്ചു.
ഒരിക്കലും ഇവിടെ ഉരുൾപൊട്ടൽ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടു തന്നെ മഴ കനത്തിട്ടും അന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിരുന്നില്ല. ഇത്രയേറെ ജീവനുകൾ നഷ്ടപ്പെടാനുള്ള കാരണവും അതുതന്നെ. പിറ്റേന്ന് പുലരുമ്പോൾ ആരൊക്കെ ജീവനോടെയുണ്ട്, ഇല്ല എന്നതിനെക്കുറിച്ച് ആർക്കും കൃത്യമായ ഒരു ധാരണയുമില്ലാത്തതായിരുന്നു. തൊട്ടടുത്ത ദിവസങ്ങൾ പലതു കഴിഞ്ഞപ്പോഴാണ് മരണത്തിന്റെ ഏകദേശ കണക്കുകൾ പോലും രൂപപ്പെടുന്നത്. ചിലർ ബന്ധുവീടുകളിൽ പോയിരുന്നതിനാൽ ജീവനോടെ ബാക്കിയായി. മറ്റു ചിലർ മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി. കൈപിടിച്ചു നിന്നവർ കൺമുൻപിൽ മരണക്കയത്തിലേക്കു മാഞ്ഞ കാഴ്ചയിൽ കരൾ തകർന്നവർ. ഒരായുസിൽ സമ്പാദിച്ചതെല്ലാം ഇല്ലാതായ ഭാഗ്യഹീനർ. അക്ഷരാർഥത്തിൽ കവളപ്പാറ ഒരു ശവപ്പറമ്പായി.
വയ്യ, ഇനിയും അതോർമിക്കാൻ👇
പാറപ്പുറത്തു വീട്ടിൽ ജോയിയുടെയും എൽസമ്മയുടെയും കൺമുന്നിൽ നിന്നാണ് രണ്ടു മക്കളുടെ പിഞ്ചു പെൺമക്കളെ ഉരുൾപൊട്ടൽ കവർന്നെടുത്തത്. ഞങ്ങൾക്ക് എല്ലാം നഷ്ടമായി. ഇനി അതൊന്നും ഓർമിക്കാൻ വയ്യ, ഓർമകളെ ആട്ടിപ്പായിക്കാൻ ശ്രമിച്ച് എൽസമ്മ തേങ്ങുകയാണ്. ഏഴു വയസുകാരി അലീനയും നാലുവയസുകാരി അനഘയും. ‘അവർ ഒരു കട്ടിലിൽ ഉറങ്ങുകയായിരുന്നു. ഏതാനും മണിക്കൂറുകളായി മഴ തോരാതെ പെയ്യുകയാണ്. താനും ഭർത്താവും സിറ്റൗട്ടിൽ നിൽക്കുമ്പോഴാണ് കാറ്റുവീശുന്ന പോലെ തോന്നിയത്. പൊടിമണ്ണ് പറന്നു വരുന്നു. ഹാളിലേയ്ക്ക് കയറിയപ്പോഴേയ്ക്ക് മണ്ണിടിഞ്ഞു വന്ന് വീടിനുമേൽ വീഴുന്നത്. കുഞ്ഞുങ്ങൾ കിടന്നുറങ്ങിയ മുറിയിലേയ്ക്ക് സ്ലാബ് ഇടിഞ്ഞു വീണു. രണ്ടുപേരും അതിനടിയിലായിപ്പോയി. ഒരാളെ മാത്രമാണ് വലിച്ചെടുക്കാൻ സാധിച്ചത്.’ അപ്പോൾ തന്നെ ഹൃദയമിടിപ്പ് നിന്നുപോയിരുന്നതായും എൽസമ്മ പറയുന്നു.
എവിടേയ്ക്കു പോകുമെന്നറിയാതെ ഒരു രാത്രി. ചുറ്റും വെള്ളവും ചെളിയും. അലീനയെ മണ്ണിൽ നിന്ന് വലിച്ചെടുക്കാൻ സാധിച്ചില്ല. രണ്ടു മക്കളുടെയും ഭാര്യമാരും കുഞ്ഞുങ്ങളുമായി മരണം തളംകെട്ടിനിന്ന ഇരുട്ടിന്റെ ഭീതിയിൽ ഇവർ കഴിച്ചു കൂട്ടി. തൊട്ടടുത്ത് തകർന്നു പോകാതെ കണ്ട ഒരു വീട്ടിലേയ്ക്ക് പുലർച്ചെ എത്തി. നേരം വെളുത്തപ്പോഴാണ് മുത്തപ്പൻമല പ്രദേശത്തെ വീടുകളെ മുഴുവൻ വിഴുങ്ങിയത് കാണുന്നത്. കരഞ്ഞു തളർന്ന കുറെ മുഖങ്ങളുമായി തൊട്ടടുത്ത ദിവസം രാവിലെ ഈ വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് സമീപവാസിയായിരുന്ന കൃഷ്ണൻകുട്ടി ഓർക്കുന്നു.
മണ്ണിടിച്ചിലിൽ രാത്രി പുറത്തിറങ്ങാനാവാതെ വീട്ടിൽ കഴിയുകയായിരുന്നു അദ്ദേഹവും കുടുംബവും. അടുത്ത ദിവസം മൂത്തമകൻ എത്തിയപ്പോഴാണ് മകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് അറിയുന്നത്. ആർക്കും വേണ്ടി കാത്തു നിൽക്കാതെ അദ്ദേഹം മണ്ണുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ രക്ഷാപ്രവർത്തകരും എത്തി കുഞ്ഞിനെ എടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും ഒടുവിൽ രണ്ടു പിഞ്ചു ശരീരങ്ങൾക്കും ഒരേ കുഴിയിൽ നിത്യനിദ്ര.