കറാച്ചി: പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 30 പേര്‍ മരിച്ചു. അപകടത്തില്‍ 80-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയ്ക്ക് സമീപം സഹാറ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടം. ട്രെയിനിന്റെ പത്തു ബോഗികള്‍ പാളം തെറ്റി മറിഞ്ഞു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നില്‍ അട്ടിമറി സാധ്യത നിലനില്‍ക്കുന്നുവെന്നും അല്ലാത്തപക്ഷം സാങ്കേതിക തകരാറാകാം അപകടത്തിനു കാരണമെന്നും പാകിസ്താന്‍ റെയില്‍വേ മന്ത്രി ഖ്വാജ സാദ് റഫീഖ് പറഞ്ഞു. അപകടകാരണം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷമാദ്യം ഇതേ ട്രെയിന്‍ സമാനമായ അപകടത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.