റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

 


എറണാകുളം മൂവാറ്റുപുഴ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിർമ്മല കോളേജിന് മുന്നിൽ ഇന്ന് വൈകിട്ട് 5ഓടെ ഉണ്ടായ അപകടത്തിൽ ബി.കോം അവസാന വർഷ വിദ്യാർത്ഥിയായ വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ നമിത ആർ ആണ് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയിൽ എം.ഡി ജയരാജന്റെ മകൾ അനുശ്രീ രാജിന് അപകടത്തിൽ പരിക്കേറ്റു. റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാർത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ഏനാനെല്ലൂർ സ്വദേശി അൻസൺ റോയിയക്കും അപകടത്തിൽ  പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കോറ്റ വിദ്യാർത്ഥിയെയും, ബൈക്ക് യാത്രക്കാരനെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹവും മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളെ ഇടിച്ച ബൈക്ക് കോളേജിന് സമീപം അമിതവേഗതയിൽ റോന്ത് ചുറ്റുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. നമിതയുടെ മാതാവ്: ഗിരിജ, സഹോദരി നന്ദിത.

Post a Comment

Previous Post Next Post