മൂവാറ്റുപുഴ: രണ്ടാർകരയിൽ വയോധികനെ പുഴകടവിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂപറമ്പ് നെല്ലിപ്പിള്ളി കോളനിയിലെ കുന്നുനിക്കാട്ട് കുഞ്ഞൂഞ്ഞ് (ഇഎംഎസ്-64)നെയാണ് രണ്ടാർകര എച്ച്എം ട്രയിനിംഗ് കോളേജിന് സമീപമുള്ള കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെ മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞൂഞ്ഞിനെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബാഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രാവിലെ 10 ഓടെ കുഞ്ഞൂഞ്ഞിനെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടവിലിറങ്ങിയപ്പോൾ കാൽവഴുതി വീണ് തലയിടിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഓമന. മക്കൾ: വിഷ്ണു, ധന്യ. മരുമകൻ: ലിനീഷ്.