അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയത് അധിക്രൂരമായി: ലൈംഗികാതിക്രമത്തിന് ശേഷം കുട്ടിയെ ചെളിയിൽ പൂഴ്ത്തി മൃതദേഹത്തിന് മുകളിൽ വലിയ പാറക്കല്ലുകളെടുത്ത് വെച്ചാണ് അസ്ഫാക് സംഭവസ്ഥലത്ത് നിന്ന് മടങ്ങിയത്



ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയെ പ്രതി അസ്ഫാക് ലൈംഗിക പീഡനത്തിനിരയാക്കിയതായി കണ്ടെത്തൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതോടെയാണ് പീഡനവിവരം സ്ഥിരീകരിച്ചത്. കുട്ടിയുടെ ദേഹമാസകലം മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും

കുട്ടിയെ കഴുത്ത് ഞെരിച്ചു  കൊലപ്പെടുത്തിയ ശേഷം  കുട്ടിയെ ചെളിയിൽ പൂഴ്ത്തി മൃതദേഹത്തിന് മുകളിൽ പ്ലാസ്റ്റിക് കവറുകളും ചാക്കും  വലിയ പാറക്കല്ലുകളെടുത്ത് വെച്ചാണ് അസ്ഫാക് സംഭവസ്ഥലത്ത് നിന്ന് മടങ്ങിയത്. കസ്റ്റഡിയിലെടുത്തപ്പോഴും പണത്തിനായി കുഞ്ഞിനെ കൈമാറി എന്നതടക്കം മൊഴി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ അസ്ഫാക് തന്നെയാണ് പ്രതി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം.

കുട്ടിയെ കാണാതായ സമയം മുതൽ അസ്ഫാക്കിനൊപ്പം കുട്ടിയുള്ളതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ പിന്നീട് ആറ് മണിയോടെ ഇയാൾ മാർക്കറ്റിൽ വെച്ച് നടത്തിയ അടിപിടിയുടെ ദൃശ്യങ്ങളിൽ കുട്ടിയുടെ സാന്നിധ്യമില്ലാതിരുന്നത് ദുരൂഹത വർധിപ്പിച്ചു. അതുകൊണ്ടു തന്നെ 3 മണിക്കും 5 മണിക്കുമിടയിൽ കൊലപാതകം നടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാലിത് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ വ്യക്തമാകൂ.


ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കുട്ടിയുടെ ശരീരത്തിൽ വലിയ പാറക്കല്ലുകൾ വെച്ചിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്.

മകളേ മാപ്പ് 🙏

കാണാതായ അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കേരള മനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നു. കാണാതായ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താനാകാത്തതിൽ വേദന പങ്കുവച്ച് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ‘മകളെ മാപ്പ്’ എന്നാണ് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചത്. 5 വയസുകാരിയെ ജിവനോടെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായെന്നും കുട്ടിയെ തട്ടികൊണ്ടുപോയ പ്രതി അറസ്റ്റിലായെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു.

അഞ്ചുവയസുകാരിയുടെ ദാരുണ കൊലപാതകത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി മന്ത്രിമാരടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകം ദാരുണ സംഭവമെന്നാണ് മന്ത്രി പി രാജീവ്‌ പറഞ്ഞത്. പ്രതിയെ വേഗത്തിൽ പിടികൂടി. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്നാണ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞത്. കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post