ബ്രേക്ക് നഷ്ടപ്പെട്ടു?, കാര്‍ മറിഞ്ഞത് 500 മീറ്റര്‍ താഴ്ചയിലേക്ക്; പൊന്മുടി അപകടത്തില്‍ നാലുപേരെയും രക്ഷപ്പെടുത്തി




തിരുവനന്തപുരം: പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാലുപേര്‍ക്കും സാരമായ പരിക്കുകള്‍ ഒന്നുമില്ല. രണ്ടുപേരുടെ കാലിന് മാത്രമാണ് പരിക്കുള്ളത്. 


ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വിതുര പൊന്മുടി വളവിലാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് 500 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പ്രദേശം ഒരു സ്ഥിരം അപകടമേഖലയാണ്. കൊല്ലം അഞ്ചല്‍ സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്. നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.


 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. തുടക്കത്തില്‍ തന്നെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ മുകളില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റു മൂന്ന് പേരെ കൂടി കണ്ടെത്തിയത്. കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ മൂടല്‍മഞ്ഞ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. എങ്കിലും ഫോറസ്റ്റ് ഓഫീസിന് സമീപമായത് കൊണ്ട് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുകയായിരുന്നു. 

Post a Comment

Previous Post Next Post