തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്നുതള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിൻ്റെ ഭാര്യ ആതിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റു ചെയ്തു.
വ്യാഴാഴ്ച മുതൽ ആതിരയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് സനൽ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സുഹൃത്ത് അഖിലുമായി നടത്തിയ ഫോൺ കോളുകളുടെ വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് ആതിരയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുമ്പൂർമുഴി വനത്തിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി.
ആതിരയും അഖിലും സുഹൃത്തുക്കളായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. യുവാവ് ആതിരയിൽനിന്നു പണം കടമായി വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് അഖിലിന്റെ മൊഴി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാലടി പോലീസ് തുമ്പൂർമുഴി വനത്തിൽ എത്തി മൃതദേഹം കണ്ടെടുത്തു