പാലക്കാട് : റോഡിലെ കുഴി കണ്ട് വേഗംകുറച്ച കാറില്‍ ഇടിക്കാതിരിക്കാന്‍, വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ടിപ്പര്‍ലോറി മറിഞ്ഞു.
ലോറി മറിയുന്നതിനിടെ എതിര്‍ദിശയില്‍വന്ന സ്കൂട്ടറിലിടിച്ച് കുടുംബത്തിലെ കുട്ടിയടക്കം മൂന്നുപേര്‍ക്കു പരിക്കേറ്റു.
സ്കൂട്ടറില്‍ സഞ്ചരിച്ച കഞ്ചിക്കോട് ശിവജിനഗര്‍ അനീഷ് (35), ഭാര്യ വിജി (32), മകള്‍ അന്‍വിക (അഞ്ചുവയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലോറിഡ്രൈവര്‍ നിതിന്‍ ആകാശ് (27) നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മലമ്ബുഴ-കഞ്ചിക്കോട് റോഡിലായിരുന്നു അപകടം.
കഞ്ചിക്കോട്ടുനിന്ന് പാറപ്പൊടി കയറ്റി മലമ്ബുഴഭാഗത്തേക്ക് വരുകയായിരുന്നു ടിപ്പര്‍ലോറി. പുന്നക്കോടു ഭാഗത്തുവെച്ച് മുന്നില്‍പോയ കാര്‍ റോഡിലെ കുഴി കണ്ട് പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചു. കാറിലിടിക്കാതിരിക്കാന്‍ ലോറി വലതുവശത്തേക്ക് വെട്ടിക്കുന്നതിനിടെയാണ്, തലകീഴായി മറിഞ്ഞത്. ഇതിനിടെയാണ് എതിര്‍വശത്തുനിന്നുവന്ന സ്കൂട്ടറിലിടിച്ചതെന്ന് കഞ്ചിക്കോട്ടുനിന്നെത്തിയ അഗ്നിരക്ഷാസേന പറഞ്ഞു.
അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന് കൈകള്‍ക്കേറ്റ പരിക്ക് ഗുരുതരമാണെന്നും മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്നും സേനാംഗങ്ങള്‍ പറഞ്ഞു.