തൃശ്ശൂർ കടപ്പുറം: വട്ടേക്കാട് സ്കൂൾ വാനിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ചു വിദ്യാർത്ഥിക്കും ബൈക്ക് യാത്രികനും പരിക്ക്.
സ്കൂൾ വിദ്യാർഥിയായ വട്ടേക്കാട് സ്വദേശി ചേലോട്ടുങ്ങൽ സഫ്രിൻ(8), ബൈക്ക് യാത്രികനായ കുന്നംകുളം പോർക്കുളം സ്വദേശി മമ്മിയൂർ ഹൌസിൽ സഞ്ജയ് എന്നിവർക്കാണ് പരിക്കേറ്റത്.
ബ്ലാങ്ങാട് അൽ ഫിത്റ സ്കൂളിലെ വാനിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥി സ്കൂൾ വാനിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കവേ പിന്നിൽ നിന്നും വന്ന ബൈക്ക് കുട്ടിയെ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും തൊട്ടടുത്ത പറമ്പിലേക്ക് തെറിച്ചു വീണാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്.
സ്കൂൾവാൻ ഡ്രൈവർ കുട്ടി റോഡ് മുറിച്ചു കടക്കുന്ന വിവരം പിന്നിലെ വാഹനങ്ങൾക്ക് സിഗ്നൽ നൽകാതിരുന്നതും, കുട്ടിയെ റോഡ് മുറിച്ചു കടത്താൻ ഹെൽപ്പർ ഒപ്പം ഇല്ലാത്തതുമാണ് അപകടത്തിനു കാരണമെന്നാണ് പറയുന്നത്.
അപകടത്തിൽ പെട്ടവരെ അഞ്ചങ്ങാടി മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ചേർന്ന് എങ്ങണ്ടിയുർ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.