കോട്ടയം: പൊൻകുന്നം രണ്ടാം മൈലിൽ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. ഒന്നര മണിക്കൂറിലേറെ ലോറിയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. തൊടുപുഴ എഴുമുട്ടം സ്വദേശി കിഴക്കേക്കര വീട്ടിൽ മനോജ് മാത്യു (36) വിനെയാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ പുനലൂർ മൂവാറ്റുപുഴ ദേശീയപാതയിലാണ് അപകടം.
പെരിന്തൽമണ്ണയിൽ നിന്ന് പത്തനംതിട്ടയിലേയ്ക്ക് തുണി കയറ്റിവന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പൊൻകുന്നം രണ്ടാം മൈലിലെ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു. വശങ്ങളിലെ മൺതിട്ടയിലേയ്ക്ക് അടക്കം ഇടിച്ചു കയറിയ ലോറിയ്ക്കുള്ളിൽ ഡ്രൈവർ മനോജ് കുടുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ എത്തിയെങ്കിലും വാഹനത്തിൻ്റെ മുൻവശമുയർത്താതെ രക്ഷാപ്രവർത്തനം നടത്താനാകാത്ത സാഹചര്യമായിരുന്നു.