ബസിടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിക്ക് ബസ് കയറി ദാരുണാന്ത്യം



മഗളൂരു: ബസിടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തലയില്‍ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് ദാരുണമരണം.

ഉള്ളന്‍ജെ സ്‌കൂള്‍ പരിസരത്ത് താമസിക്കുന്ന ചരണ്‍ (14) ആണ് മരിച്ചത്. പിലിയണ്‍ എന്നയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ചരണ്‍. കട്ടീല്‍ സ്‌കൂളില്‍ ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന ചരണ്‍ തിങ്കളാഴ്ച വൈകിട്ട് കിന്നിഗോളി ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനം കൈകാണിച്ച്‌ നിര്‍ത്തി ലിഫ്റ്റ് ചോദിച്ചു. തുടര്‍ന്ന് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ഉള്ളഞ്ചെ ജുമാദി ഗുഡ്ഡെക്ക് സമീപം കിന്നിഗോളിയില്‍ നിന്ന് കട്ടീലിലേക്ക് വരികയായിരുന്ന ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ചരണ്‍ റോഡിലേക്ക് തെറിച്ചുവീണതോടെ ബസിന്റെ ചക്രങ്ങള്‍ തലയില്‍ കയറിയിറങ്ങി. പിലിയണും റോഡിലേക്ക് തെറിച്ചുവീണു. ഇയാളെ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മുല്‍ക്കി സര്‍ക്കാര്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Post a Comment

Previous Post Next Post