കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ കല്ലായി പുഴയില്‍ അപകടത്തില്‍പെട്ട വയോധികന്റെ ജീവന്‍ രക്ഷപ്പെടുത്തി.
ചേവായൂര്‍ ചാലില്‍ ജനാര്‍ദനന്‍ നായരാണ് (81) പുഴയില്‍ അപകടത്തില്‍പെട്ടത്.
ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ കല്ലായി മേല്‍പാലത്തിനടിയിലെ റോഡിലൂടെ സ്കൂള്‍ കുട്ടികളെ കയറ്റുവാന്‍ പോവുകയായിരുന്ന വട്ടക്കിണറിലെ ഓട്ടോഡ്രൈവര്‍ മുജീബ് റഹ്മാനാണ് പുഴയുടെ മധ്യത്തില്‍ കൈകാലുകളിട്ടടിക്കുന്ന ആളെ കണ്ടത്. ഉടന്‍തന്നെ ഓട്ടോറിക്ഷ നിര്‍ത്തി ഒച്ചവെച്ച് ആളെ കൂട്ടുകയായിരുന്നു.
നാട്ടുകാര്‍ കൂടിച്ചേര്‍ന്ന് പുഴയില്‍ മീന്‍പിടിത്തം നടത്തുന്ന തോണിക്കാരെ അറിയിച്ചു. കുതിച്ചെത്തിയ തോണിക്കാര്‍ അപകടത്തില്‍പെട്ടയാളെ വെള്ളത്തില്‍നിന്നുമെടുത്തുയര്‍ത്തി
തോണിയില്‍ കിടത്തി കരക്കെത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി സമീപത്തെ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
പൊലീസെത്തി ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധികന്റെ ജീവന്‍ രക്ഷപ്പെടുത്തിയ വട്ടക്കിണറിലെ ഓട്ടോ ഡ്രൈവര്‍ മുജീബ് റഹ്മാനെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു. രാവിലെ വീട്ടുകാരുമായി വഴക്കിട്ട ജനാര്‍ദനന്‍ നായര്‍ ചേവായൂരില്‍നിന്നും ഓട്ടോ പിടിച്ച് കല്ലായി പാലത്തിന് അടിയില്‍ വന്നതിന് ശേഷം പുഴയിലേക്കിറങ്ങിയെന്നാണ് പറയുന്നത്. വേലിയിറക്ക സമയമായതിനാലും ആഴം കുറവായതിനാലും ഇയാള്‍ക്ക് നീന്തല്‍ വശമുള്ളതിനാലുമാണ് വെള്ളത്തില്‍ മുങ്ങിത്താഴാതെ രക്ഷപ്പെട്ടത്.